Sunday, December 3, 2017

ഒരു മെടിറ്റെഷന്‍ ( Meditation) അപാരത

ടീമിലുള്ള കുറച്ചു പേര്‍ക്ക് വാക്ക് കൊടുത്തതിനു പുറത്താണ് ആ വെല്ലുവിളിക്ക് മുതിര്‍ന്നത് -  "40 ലക്ഷം കോടി സെല്‍ കുഞ്ഞുങ്ങളെ" പതിനഞ്ചു മിനിറ്റ് നേരം മേക്കാമെന്ന് !! മെടിറ്റെഷന്‍ !!

കുറച്ചു പട്ടികുഞ്ഞുങ്ങളെയും, പൂച്ചകുഞ്ഞുങ്ങളെയും ചെറുതായി ഒന്ന് മെരുക്കിയ ധൈര്യത്തിനു പുറത്താണ് ഈ വെല്ലുവിളി സ്വീകരിച്ചത്.  സിമ്പിള്‍: ശരിയായ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഒരു തുണ്ട് ബിസ്ക്കറ്റ് അല്ലെങ്കില്‍ ഒരു ഇറച്ചികഷണം  "വ്യാമോഹിപ്പിച്ചു" കൊണ്ട് ഒരു "വ്യാപാര" രീതിയില്‍ ആണ് ഇവരുടെ ശിക്ഷണം നടത്തിയിരുന്നത്. ഒരു പരിധി വരെ ഇത് വിജയിക്കുകയും ചെയ്തു. ഒന്ന് രണ്ടു സംഭവങ്ങള്‍ ഒഴിച്ചാല്‍: പട്ടികളെയും, പൂച്ചകളെയും മതസൌഹാര്‍ദ്ദത്തോടെ ഒരുമിച്ചു ഫുഡ്‌ അടിക്കാന്‍ ശിക്ഷണം കൊടുത്തത് തെറ്റായി പോയി എന്ന് പിന്നിട് ഒരു തിരിച്ചറിവ് ഉണ്ടായി - വിട്ടില്‍ ഉള്ള മതസൌഹാര്‍ദ്ദപൂച്ചകുഞ്ഞുങ്ങള്‍ തെരുവിലെ നായക്കളുടെ കൂടെ ഫുഡ്‌ അടിക്കാന്‍ പോയി, നായക്കള്‍ക്ക് ഫുഡ്‌ ആയതു ഇന്നും വേദനയോടെ ഓര്‍മ്മിക്കുന്നു.   "വ്യാമോഹവും", "വ്യാപാരവും" ചേര്‍ത്ത ശിക്ഷണത്തില്‍ എവിടെയോ കല്ല്‌ കടിച്ചുകൊണ്ടേ ഇരുന്നു.... 40 ലക്ഷം കോടി സെല്‍ കുഞ്ഞുങ്ങളെ വഴി തെറ്റിക്കാന്‍ ഒരു മനസ്സ് വന്നില്ല....

ഊട്ടി യാത്രക്ക് ഇടയില്‍ ആണ് ഒരു "ഡ്രൈവറദ്ധേഹം" രണ്ടു വരി "വേദാന്തദര്‍ശനം" തന്നത് -    "വഴിപോക്കന് നിര്‍വൃതി അടയാന്‍ വഴിയോ, വഴിയെ എത്തിചേരുന്ന ഉദ്ദിഷ്‌ടസ്ഥാനമോ ആവശ്യം ഇല്ല; മറിച്ചു പോക്കന്‍ ഒന്ന് മനസ്സിരുത്തിയാല്‍ മാത്രം മതി - സീറ്റില്‍ നിര്‍വൃതി എത്തും" . 40 ലക്ഷം കോടി സെല്‍ കുഞ്ഞുങ്ങളെ അവരുടെ വഴിക്ക് വിട്ടാല്‍ പ്രകൃത്യാ അവര്‍ LKG/UKG കുഞ്ഞുങ്ങളെ പോലെ ആണത്രേ, അവരെ കൈ കെട്ടി ഇരുത്തി വെറുപ്പിക്കാതെ ഇരുന്നാല്‍, അവര്‍   പ്രകൃത്യാ ആനന്ദനിര്‍വൃതിയില്‍ ആണ്, എപ്പോഴും, എവിടെയും. വളരുംതോറും അവരെ കൈ കെട്ടി ഇരുത്തി വെറുപ്പിച്ച് വെറുപ്പിച്ച് പട്ടിയെ പൂച്ച ആക്കി മാറ്റിയിരിക്കുകയല്ലേ ? ഇനി ഇപ്പൊ പൂച്ചയെ തിരിച്ചു പട്ടി എങ്ങനെ ആക്കും ?? ...."ഞാന്‍ ആരാ മോന്‍ ?" ഇല്‍ നിന്ന് "ഞാന്‍ ശരിക്കും ആരാ?" എന്നതിലേക്കുള്ള അനന്തമായ വഴി.....നേതി, നേതി........40 ലക്ഷം കോടി സെല്‍ കുഞ്ഞുങ്ങളെ" പതിനഞ്ചു മിനിറ്റ് നേരം മേക്കാമെന്ന്  വെല്ലുവിളി സ്വീകരിച്ച ആളെ കാണ്മാനില്ല...അന്വേഷണം തുടരും....